സ്ത്രീധനം: കുഴിച്ചു മൂടപ്പെടേണ്ട വിപത്ത്...!


രു നിമിഷം ചിന്തിച്ചാലും........

ലോകത്തിലെ നമ്പര്‍ വണ്‍ ഓട്ടക്കാരന്‍ ജമൈക്കന്‍ താരം ഹുസൈന്‍ ബോള്‍ട്ട് അല്ല. യഥാര്‍ത്ഥത്തില്‍ പാവങ്ങളുടെ ഹൃദയം തുളച്ചുകൊണ്ട് ഓടുന്ന ഇന്നത്തെ സ്വര്‍ണത്തിന്റെ വിലയാണ്. പക്ഷെ ഇന്ന് സ്വര്‍ണത്തിനു മാത്രമല്ല വില കൂടിയിട്ടുള്ളത്, നിത്യോപയോഗ സാധനത്തിനുപോലും പൊള്ളുന്ന വിലയാണ്. എങ്കിലും പത്രമാധ്യമങ്ങളിലും മറ്റു വാര്‍ത്താമീഡിയകളിലുമൊക്കെ സ്വര്‍ണത്തിന്റെ വിലയില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്കിത്രയും ഭയാനകമായ ഒരു വാര്‍ത്തയായി അത് മാറുന്നത് കാരണം സ്ത്രീധനം - അതുതന്നെയാണ് പ്രശ്‌നം.
സ്ത്രീധനത്തിന്റെ പേരില്‍ ഇന്ന് സമൂഹം അനുഭവിക്കുന്നതും ഇനി അനുഭവിക്കാന്‍ പോകുന്നതുമായ ചില നഗ്നസത്യങ്ങള്‍ നാം അറിയാതെ പോകാന്‍ പാടില്ല. മണിക്കൂറുകള്‍ വിത്യാസത്തില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുയരുമ്പോള്‍ 'എന്റെ റബ്ബേ ഇതെന്തൊരു പരീക്ഷണമാണെന്ന്' ചിന്തിച്ച് നെഞ്ചത്തു കൈവെച്ച് നെടുവീര്‍പ്പിടുന്ന പാവപ്പെട്ട രക്ഷിതാക്കള്‍ നമ്മുടെ ചുറ്റുവട്ടത്തിരിക്കുമ്പോഴും മറുഭാഗത്ത് പണത്തിന്റെയും അഹങ്കാരത്തിന്റെയും മുകളില്‍ കല്യാണ പരിപാടിയും മറ്റും കെങ്കേമമാക്കാന്‍ എന്ത് തോന്നിവാസവും കാട്ടിക്കൂട്ടുന്നവരും നമ്മുടെ ഇടയില്‍ എമ്പാടുമുണ്ട്
ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത വീട്ടിലുമുണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളിലൊതുക്കിക്കളയുന്ന പാവപ്പെട്ട എത്രയോ സഹോദരിമാര്‍. കൂടെ പഠിച്ച കൂട്ടുകാരികളുടെയൊക്കെ കല്യാണങ്ങള്‍ ആഘോഷമായി കൊണ്ടാടുമ്പോള്‍ ഈ പാവപ്പെട്ട പെണ്ണിന്റെ മനസ്സും അവളറിയാതെ തന്നെ അലിഞ്ഞുപോകില്ലേ?
ഒരുപക്ഷെ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കും സ്ത്രീധനം, വിവാഹധൂര്‍ത്ത് ഇതൊക്കെ. പക്ഷെ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയാല്‍ മതിയാകുമോ? സ്ത്രീധനത്തിന്റെയും വിവാഹ ധൂര്‍ത്തിന്റെയും പേരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് മുസ്ലിം സമൂഹമാണ്. എവിടുന്നു കിട്ടി മുസ്ലിം സമൂഹത്തിന് ഈ സംസ്‌കാരം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന് പഠിപ്പിച്ച നേതാവിന്റെ ഉമ്മത്തികളായ നാം പെണ്ണിന്റെ കാശിനെ യാചിച്ച് വാങ്ങി ധൂര്‍ത്തടിച്ച് അഭിമാനം കൊള്ളുകയാണോ?
ഏതാനും മാസങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ മുഹമ്മദലി എന്ന വ്യക്തി തന്റെ രണ്ട് പെണ്‍മക്കളെയും കൊന്നൊടുക്കിയ ഞെട്ടിപ്പിക്കുന്ന സംഭവം പത്രമാധ്യമങ്ങളിലൊക്കെ നാം വായിച്ചതാണ്. എന്താണ് ഇതു ചെയ്യാന്‍ ആ പിതാവിനെ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, അദ്ദേഹം കല്യാണം കഴിക്കുമ്പോള്‍ 35 പവന്‍ സ്വര്‍ണം സ്ത്രീധനമായി വാങ്ങിയിരുന്നു. അത് അന്ന്, പക്ഷെ ഇന്ന് അദ്ദേഹത്തിലൂടെ വളര്‍ന്നുവരുന്ന അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കുള്ള സ്ത്രീധനം അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്കയിലായിരുന്ന അയാള്‍ ഭീതിയോടെയായിരുന്നു സ്വന്തം മക്കള്‍ വളരുന്ന ഓരോ ദിവസവും നോക്കിക്കണ്ടിരുന്നത്. അവസാനം തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അദ്ദേഹം ക്രൂരമായി തന്നെ ആ പാവം പെണ്‍മക്കളെ ഒരു മടിയും കൂടാതെ കൊലപ്പെടുത്തുകതന്നെ ചെയ്തു.
ഇനിയെങ്കിലും നാം ഉണരണം, ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലേ നമുക്ക് ഈ വിപത്തിനെയൊക്കെ ചെറുക്കാന്‍ കഴിയൂ. കല്യാണത്തലേന്ന് നടക്കുന്ന ഗാനമേളക്കും മറ്റു തോന്ന്യാസങ്ങള്‍ക്കുമൊക്കെ ലക്ഷങ്ങള്‍ ചിലവാക്കുന്നവരും കുറവല്ല. ഇതുകൊണ്ട് തീരുന്നില്ല. സല്‍ക്കാരത്തില്‍ മദ്യം വിളമ്പിയും ആ മദ്യത്തിന്റെ ലഹരിയില്‍ ലക്കുകെട്ട് ഉടുവസ്ത്രത്തിന്റെ പോലും ബോധമില്ലാതെ നൃത്തം ചെയ്യുന്നതുമൊക്കെ ഇന്ന് നാം സാധാരണയായി കാണുന്ന കാഴ്ചയാണ്. എവിടെയാണ് നമുക്ക് പിഴച്ചത്? ഇനി ഇതിന് എന്താണ് പ്രതിവിധി?
ഒത്തുപിടിച്ചാല്‍ മലയും പോരും എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് സ്ത്രീധന രഹിത വിവാഹത്തിലൂടെ ചെറുപ്പക്കാര്‍ മാതൃകയാകണം. അതുപോലെത്തന്നെ പള്ളിമഹല്ലുകളിലും സംഘടനകളിലുമൊക്കെ ഇതുപോലുള്ള കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. കാരണം സ്ത്രീധനം വാങ്ങി നാം ധൂര്‍ത്തടിക്കുമ്പോള്‍ ഓര്‍ക്കുക, ഒരുപക്ഷെ നീ ചോദിച്ച ലക്ഷങ്ങള്‍ തരാന്‍ വേണ്ടി ചിലപ്പോള്‍ ആ പെണ്ണിന്റെ വീട് ബാങ്കിലായിരിക്കും. അല്ലെങ്കിലും വേറെ ആരുടെയോ പക്കല്‍നിന്ന് അവധി പറഞ്ഞ് കടം വാങ്ങിയതായിരിക്കാം.
ഏതൈാരു ഉപ്പാക്കും ഉണ്ടാകില്ലേ തന്റെ മകള്‍ക്ക് നല്ലവണ്ണം കൊടുക്കണമെന്ന ചിന്ത. അതുകൊണ്ട് അവര്‍ക്ക് കഴിയുന്നത്ര അവര്‍ കൊടുക്കാതിരിക്കില്ല. നാമായിട്ട് ആരില്‍നിന്നും പിടിച്ചുപറ്റാനോ ഭീഷണിപ്പെടുത്താനോ വാങ്ങാനോ തുനിയാന്‍ നില്‍ക്കരുത്. എല്ലാവരും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ല. അല്ലാതെ ഇനിയും ഈ വിപത്ത് ഇങ്ങനെ തുടരുകയാണെങ്കില്‍ ഒരുപക്ഷെ ഈ സമൂഹം വലിയ നാശത്തിലേക്ക് എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്.
article: Muhammad Ashraf Pachambalam

Comments

Popular posts from this blog

Chandrayaan-3 Soft-Landing Live! | M S Ali

How to Remove “Ads by Cut The Price” Adware Virus? Resolved.

How to Create HTML Signatures in Thunderbird without Learning HTML ?