Sunni Kairaliyude Aathmiya Thejass Shaikuna MANJANADY USTAD Wafathaayi..!




കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്) നിര്യാതനായി. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു.
ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.
പുഞ്ചാവി മാമുവിന്റെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്.
പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്.
കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.
മൂന്ന് ഭാര്യേമാരില്‍ ദൈനബി നേരത്തെ മരണപ്പെട്ടു. നഫീസ, സൈനബ് ജീവിച്ചിരിപ്പുണ്ട്. മക്കള്‍: മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ . മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്.
മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.
ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് നാലുമണിക്ക് പഴയ കടപ്പുറം സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് നടക്കും. മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.


Comments

Popular posts from this blog

Chandrayaan-3 Soft-Landing Live! | M S Ali

How to Remove “Ads by Cut The Price” Adware Virus? Resolved.

How to Create HTML Signatures in Thunderbird without Learning HTML ?