ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്; ഉടന്‍ ചുമതലയേല്‍ക്കും
ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്; ഉടന്‍ ചുമതലയേല്‍ക്കും
തിരുവനന്തപുരം: സിപിഎം നിയന്ത്രിക്കുന്ന കൈരളി ടിവിയില്‍ നിന്നു രാജിവെച്ച എംഡിയും എഡിറ്ററുമായ ജോണ്‍ബ്രിട്ടാസിന്റെ പുതിയ ചുമതല ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്. അടുത്ത ദിവസംതന്നെ അദ്ദേഹം ചുമതലയേല്‍ക്കും. രാജിവെച്ച ശേഷം പരന്ന പലതപം ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം ഏഷ്യാനെറ്റിലേയ്ക്കു പോകുന്നതു സ്ഥിരീകരിച്ചത്. അപ്പോഴും സിഇഒ ആണെന്നായിരുന്നു വിവരം. എന്നാല്‍ ഏഷ്യാനെറ്റ് എംഡി കെ.മാധവനു തൊട്ടുതാഴെ കേരളത്തിന്റെ സമ്പൂര്‍ണ ചുമതലയുള്ള ബിസിനസ് ഹെഡ് തസ്തിക പുതുതാതായി സൃഷ്ടിക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയുടെ ചുമതലയാണ് ബ്രിട്ടാസ് വഹിക്കുക. മാധവന് സ്റ്റാര്‍ ഗ്രൂപ്പിന്റെ കേരളത്തിനു പുറത്തുള്ള കൂടുതല്‍ ചുമതലളുണ്ട്.
റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റെ കൂടി ാളിത്തത്തിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്. അവിടെ വൈസ് പ്രസിഡന്റായിരുന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലേയ്ക്കു പോയ ശേഷം മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ജോണ്‍ ബ്രിട്ടാസിന്റെ വരവ്. സിപിഎമ്മും പാര്‍ട്ടി മാധ്യമങ്ങളും നിശിതമായി വിമര്‍ശിക്കുന്ന മാധ്യമ മുതലാളിയാണ് മര്‍ഡോക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഔദ്യോഗിക വിഭാഗവുമായി അടുത്ത ബന്ധമുള്ള ജോണ്‍ ബ്രിട്ടാസ് മര്‍ഡോക്കിന്റെ സ്ഥാപനത്തിലേയ്ക്കു പോകുന്നത് മാധ്യമ രാഷ്ട്രീയ രംഗങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിവെയ്ക്കും. ഈ മാസം 19നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു.
ജോണ്‍ ബ്രിട്ടാസിന് സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് ഓഫര്‍ ഉണ്ടെന്നു നേരത്തേ പുറത്തു വന്നിരുന്നെങ്കിലും അദ്ദേഹം അതു സ്വീകരിക്കുന്നില്ലെന്നായിരുന്നു സൂചനകള്‍. ഏഷ്യാനെറ്റ് എംഡി കെ.മാധവന്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് യുഎസ് ആസ്ഥാനമായി തുടങ്ങുന്ന ചാനല്‍, സിപിഎമ്മിന്‍െയും മമ്മൂട്ടിയുടെയും സാമ്പത്തിക പങ്കാളിത്തത്തോടെ ദുബായ് ആസ്ഥാനമാക്കി പ്രവാസി ഇന്ത്യക്കാര്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എന്നിവയുമായി ചേര്‍ത്താണ് ജോണ്‍ ബ്രിട്ടാസിന്റെ രാജിവാര്‍ത്ത പ്രചരിച്ചത്. ഈ രണ്ടു സംരംഭങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ദേശാഭിമാനിയുടെ ഡല്‍ഹി ലേഖകനും പിന്നീട് കൈരളിയുടെ ഡല്‍ഹി ലേഖകനുമായിരുന്ന ജോണ്‍ ബ്രിട്ടാസ് ചാനലിന്റെ എംഡിയായി വന്നത് സിപിഎം നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സിദ്ധാര്‍ത്ഥ മേനോന്‍, സുരേഷ് നാരായണന്‍ എന്നിവര്‍ ഓരോ വര്‍ഷം മാത്രം എംഡി സ്ഥാനം വഹിച്ച് രാജിവെച്ചു പോയ ശേഷമായിരുന്നു ഇത്. ഒമ്പതു വര്‍ഷമായി ജോണ്‍ ബ്രിട്ടാസ് തന്നെയായിരുന്നു എംഡി. തുടക്കത്തില്‍ എഡിറ്റര്‍ വേറെയാള്‍ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതലയും അദ്ദേഹത്തിനു നല്‍കി. ബ്രിട്ടാസ് വന്ന ശേഷം ‘വി’, ‘പീപ്പിള്‍’ എന്നീ ചാനലുകള്‍ കൂടി ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 കോടിയാണ് മലയാളം കമ്യൂണിക്കേഷന്‍സ് പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ലാഭം.
കഴിഞ്ഞ ദിവസം പിണറായിയുടെ സാന്നിധ്യത്തില്‍ കൈരളി ജീവനക്കാരുടെ യോഗം ചേര്‍ന്ന് ബ്രിട്ടാസിനു യാത്രയയപ്പു നല്‍കി. ബ്രിട്ടാസിനു സ്‌നേഹപൂര്‍വം എന്ന പേരില്‍ ആ ചടങ്ങ് കൈരളി സംപ്രേഷണം ചെയ്തു.
Comments