മഅ്ദനി : ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും???
രാജ്യം സ്വാതന്ത്രൃത്തിന്റെ 65ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനി പാരതന്ത്രൃത്തിന്റെ രണ്ടാം അധ്യായത്തില്‍ രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുകയാണ്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനുശേഷം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയച്ച മഅ്ദനിയെ മൂന്നുവര്‍ഷത്തിനുശേഷം 2010 ആഗസ്റ്റ് 17ന് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇരുട്ടു കയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതുകണ്ണുമായി തന്റെ പീഡനപര്‍വത്തെക്കുറിച്ച് മാധ്യമം ലേഖകന്‍ ഇനാമുറഹ്മാനുമായി മഅ്ദനി സംസാരിക്കുന്നു.....
പരപ്പന അഗ്രഹാര ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയുടെ തൊട്ടടുത്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വീല്‍ചെയറിന് തൊട്ടുരുമ്മി കൃത്രിമ കാലിനോട് കാല്‍ചേര്‍ത്തു വെച്ച് ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്കു മുമ്പ് സുല്‍ത്താന്‍ ബത്തേരി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ഇടിമുഴക്കത്തോടെ പെയ്തിറങ്ങിയ വാക്കുകള്‍ ചെവിയില്‍ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു. ഐ.എസ്.എസ് വിട്ട് പി.ഡി.പി രൂപവത്കരിച്ചതിനു ശേഷം നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായായിരുന്നു സുല്‍ത്താന്‍ ബത്തേരിയെ ഇളക്കിമറിച്ച പ്രസംഗം അരങ്ങേറിയത്.
വാക്കുകളുടെ മലവെള്ളപ്പാച്ചില്‍ ആസ്വദിക്കാനെത്തിയവരുടെ ഇടയിലേക്ക് ബ്ലാക്ക്യാറ്റുകളുടെയും അകമ്പടി വാഹനങ്ങളുടെയും പിറകിലായി അലങ്കരിച്ച വാഹനത്തില്‍ സദസ്സിനെ അഭിവാദ്യം ചെയ്തിറങ്ങി വന്ന മഅ്ദനിയുടെ ഗംഭീരരൂപം ഓര്‍മയില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ആ മനുഷ്യനാണോ ഇപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ശാന്തനായി സംസാരിക്കുന്നത്? ഇത്രയധികം അസുഖങ്ങളുള്ള മനുഷ്യന് തീര്‍ത്തും അക്ഷോഭ്യനായി, ആരോടും വിദ്വേഷമില്ലാതെ എങ്ങനെ ജീവിക്കാനാവുന്നു? ചോദ്യങ്ങളുടെ തിരയിളക്കമായിരുന്നു മനസ്സില്‍.
ഒരു കാലില്‍ ഹവായി ചെരുപ്പും മറുകാലില്‍ കൃത്രിമ കാലിന്റെ ഭാരവും പരുത്തിയുടെ ജുബ്ബയും സ്വര്‍ണ കരയുള്ള വെളുത്ത മുണ്ടും കറുത്ത തൊപ്പിയുമണിഞ്ഞ് വീല്‍ചെയറില്‍ മഅ്ദനിയിരിക്കുന്നു. ഇരുട്ടുകയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതു കണ്ണുമായി. അനിശ്ചിതമായി നീളുന്ന തടവിനെക്കുറിച്ച്, പീഡന പര്‍വ്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഈ മനുഷ്യനെ തടവിലിട്ട് ഭരണകൂടത്തിന് പക തീര്‍ക്കാം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍ത്തു ചിരിക്കാം. പക്ഷേ, തോല്‍പിക്കാനാവില്ല. ആ നിശ്ചയദാര്‍ഢ്യത്തിന് കാരിരുമ്പിന്റെ കരുത്തുണ്ട്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ദൃഢതയുണ്ട്. കോയമ്പത്തൂരിലും ബംഗളൂരിലുമായി പതിനൊന്നര വര്‍ഷംനീണ്ട വിചാരണ തടവുകൊണ്ട് ആ വിശ്വാസത്തിന് തിളക്കം കൂടിയിട്ടേയുള്ളൂ. തടവറയില്‍ വ്രത വിശുദ്ധിയുമായി എല്ലാം ദൈവത്തിലര്‍പ്പിച്ച് കഴിയുന്ന മനുഷ്യനെ അല്ലെങ്കില്‍തന്നെ ആര്‍ക്കാണ് തോല്‍പിക്കാനാവുക?
2010 ആഗസ്റ്റ് 17നാണ് അന്‍വാര്‍ശ്ശേരിയില്‍നിന്ന് ബംഗളൂരു പൊലീസ് മഅ്ദനിയെ അറസ്റ്റുചെയ്തത്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണ തടവിനുശേഷം നിരപരാധിയാണെന്ന് പറഞ്ഞ് കോടതി വിട്ടയച്ച് കൃത്യം മൂന്നു വര്‍ഷത്തിനു ശേഷം ബംഗളൂരു സ്ഫോടന കേസില്‍ വീണ്ടും പിടിയിലായത് കേവല യാദൃച്ഛികതയാണെന്ന് കരുതാനാവില്ല. 2008 ജൂലൈയില്‍ ബംഗളൂരു നഗരത്തില്‍ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
എങ്ങനെയാണ് താന്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും അതിനു പിന്നിലെ കളികളെന്താണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. അതിലേക്ക് പിന്നീട് വരാം. കേസിന്റെ വിചാരണ തുടങ്ങിയപ്പോഴേക്കും രണ്ടു വര്‍ഷത്തെ തടവ് മഅ്ദനി അനുഭവിച്ചു കഴിഞ്ഞു. ഇനി വര്‍ഷങ്ങള്‍ നീളുന്ന വിചാരണ. ജാമ്യം കിട്ടുമോ എന്നുറപ്പില്ല. ഈ തടവ് ഇപ്പോഴൊന്നും അവസാനിക്കാന്‍ പോവുന്നതുമല്ല.
ബംഗളൂരുവിലെ തടവറ കഴിഞ്ഞാല്‍ വീണ്ടും കാരാഗൃഹങ്ങള്‍ കാത്തിരിപ്പുണ്ട്. അതിന്റെ തിരക്കഥകള്‍ എവിടെയൊക്കെയോ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം അദ്ദേഹത്തിനറിയാം. എന്നാലും ഈ മനുഷ്യന് കുലുക്കമില്ല. കാരണം, പതിനൊന്നര വര്‍ഷത്തെ ജയില്‍ വാസംകൊണ്ട് മഅ്ദനി നേടിയത് എന്തും ക്ഷമിക്കാനുള്ള കരുത്താണ്. അതിനുമുന്നില്‍ തടവറകള്‍ തലകുനിച്ചു പോകും.
ജയില്‍ സൂപ്രണ്ടിന്റെ മുറിയോട് ചേര്‍ന്നാണ് ഫോട്ടോസ്റ്റാറ്റ് സംവിധാനമുള്ളത്. അതിനു തൊട്ടടുത്തായി കമ്പ്യൂട്ടര്‍ മുറിയാണ്. ഇടക്കിടെ കോപ്പിയെടുക്കാന്‍ വന്നുപോകുന്ന തടവുപുള്ളികള്‍ക്കും കമ്പ്യൂട്ടര്‍ മുറിയിലേക്ക് കയറിപ്പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമിടയിലിരുന്ന് ഭാവഭേദങ്ങളില്ലാതെ മഅ്ദനി പറഞ്ഞു തുടങ്ങി.
സംസാരിക്കുമ്പോള്‍ അദ്ദേഹത്തോട് പരമാവധി ചേര്‍ന്നിരിക്കാന്‍ കൂടെവന്ന പി.ഡി.പി ജനറല്‍ സെക്രട്ടറി റജീബ് ആവശ്യപ്പെട്ടു. എതിര്‍വശത്തിരിക്കുന്നയാളുടെ മുഖം അല്‍പമെങ്കിലും കാണാനാണ് അതെന്ന് പിന്നീടാണ് പിടികിട്ടിയത്.
രക്തംപൊടിയുന്ന ആ വാക്കുകളെ ഇങ്ങനെ പകര്‍ത്താം: ഐ.എസ്.എസ് രൂപവത്കരിച്ച കാലത്തുണ്ടായെന്നു പറയുന്ന സാമുദായിക ധ്രുവീകരണത്തിന്റെ എത്രയോ ഇരട്ടിയാണ് കേരളീയ സമൂഹത്തില്‍ ചിലരുടെ പ്രവര്‍ത്തനം മൂലം അടുത്ത കാലത്തുണ്ടായത്.
എന്നെപ്പോലുള്ളവര്‍ക്കെതിരെ നഗ്നമായ നീതിനിഷേധം നടക്കുമ്പോഴും നിസ്സംഗതയുടെ മൂടുപടമണിയുന്നവര്‍ ഈ ഗതി വരുമ്പോള്‍ മാത്രമേ കണ്ണുതുറക്കുകയുള്ളൂ. കാരണം, ഭീകരതയുടെ പേരില്‍ വേട്ടയാടപ്പെടുന്നവരുടെ പട്ടിക എന്നില്‍ അവസാനിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. തല്‍ക്കാലം തൊപ്പിയും താടിയുമായി നാലാളറിയുന്ന ലക്ഷണമൊത്ത തീവ്രവാദിയായി ഞാനുണ്ടെങ്കിലും ഈ നിരയിലേക്ക് വരാനിരിക്കുന്നവര്‍ ഇനിയുമുണ്ടെന്ന് തിരിച്ചറിയാതെ പോവുന്നത് ആപത്താണ്.
കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത് സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടോ യാദൃച്ഛികമോ ആയിട്ടാണ് കരുതുന്നത്. എന്നാല്‍, ബംഗളൂരു സ്ഫോടനത്തില്‍ പിടിയിലായത് വെറുതേയല്ല. കൃത്യമായ ആസൂത്രണവും നേരത്തേ തയാറാക്കിയ തിരക്കഥയും അതിനു പിന്നിലുണ്ട്. തടവറ സമ്മാനിച്ചത് ഒരുപിടി അസുഖങ്ങളും തീരാവേദനയുമാണെങ്കിലും ആരോടും പരാതിയില്ല. ജയില്‍ജീവിതത്തിലെ ഏകാന്തത അകറ്റിയിരുന്നത് പുസ്തകങ്ങളുടെ കൂട്ടുകൊണ്ടായിരുന്നു. കണ്ണില്‍ ഇരുട്ടുകയറിയതിനാല്‍ അത് നഷ്ടമായി എന്നതാണ് ഏറ്റവും വലിയ വേദന.
നോമ്പുകാലത്ത് ഖുര്‍ആന്‍ മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന പതിവുണ്ടായിരുന്നു. കോയമ്പത്തൂരില്‍ എല്ലാ വര്‍ഷവും അതു സാധിച്ചിരുന്നു. എന്നാല്‍, കാഴ്ചയുടെ തകരാര്‍ കാരണം ഇത്തവണ അതിനും വയ്യ. ഖുര്‍ആനിലൂടെ കടന്നുപോകാത്തൊരു നോമ്പ് അനുഭവിച്ചു തീര്‍ക്കണമെന്ന് ദൈവ നിശ്ചയമുണ്ടാകും. അത് തടയാനാവില്ലല്ലോ.
ജയിലിലെത്തി അധികം വൈകാതെ വീണ്ടും പ്രമേഹം മൂര്‍ച്ഛിച്ചു. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റോളജിയില്‍ പ്രവേശിച്ചപ്പോഴാണ് വലതു കണ്ണിനെ റെറ്റിനോപ്പതി ബാധിച്ചതായും രണ്ടാഴ്ചക്കുള്ളില്‍ ലേസര്‍ ചികിത്സ തുടങ്ങണമെന്നും അറിയിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ക്ക് ഡോക്ടര്‍മാര്‍ കൈമാറിയിരുന്നു. എന്നാല്‍, വിവരം അവര്‍ മറച്ചുവെച്ചു. ആറുമാസം കഴിഞ്ഞ് പ്രമേഹം മൂര്‍ച്ഛിച്ചപ്പോഴാണ് വീണ്ടും ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിലാണ് ലേസര്‍ പരിശോധനകൊണ്ട് കാര്യമില്ലെന്ന് വ്യക്തമായത്. അപ്പോഴേക്കും കാഴ്ച മങ്ങി തുടങ്ങിയിരുന്നു.
പിന്നീട് എന്റെ നിര്‍ബന്ധംകൊണ്ടാണ് നാരായണ നേത്രാലയയില്‍ പ്രവേശിപ്പിച്ചത്. അതും സ്വന്തം ചെലവില്‍. അവിടെവെച്ച് ലേസര്‍ ചികിത്സ നടത്തി. കാലം തെറ്റി ചെയ്ത ചികിത്സ കാരണം കണ്ണിന്റെ ഞരമ്പുകള്‍പൊട്ടി രക്തം കട്ടപിടിച്ചു. വലതു കണ്ണിന്റെ വെളിച്ചം ഏറക്കുറെ പൂര്‍ണമായി നഷ്ടപ്പെടുന്നത് വേദനയോടെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഇടതു കണ്ണടച്ചാല്‍ കറുത്തവൃത്തം മാത്രമാണ് തെളിയുന്നത്.
തടവറയിലെ ഇരുട്ടുപോലെ. മങ്ങിത്തുടങ്ങിയ ഇടതു കണ്ണിന്റെ കാഴ്ച ഏതാണ്ട് 75 ശതമാനം നഷ്ടമായി. പരിചയമുള്ളവരെ അടുത്തു കണ്ടാല്‍ തിരിച്ചറിയാമെന്നുമാത്രം. സഹ തടവുകാരെ കണ്ടിട്ട് ചിരിക്കുകപോലും ചെയ്യാതെ പോകുന്നതായി പലരും പരാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചറിയാത്തതുകൊണ്ടാണ് പുഞ്ചിരിക്കാത്തതെന്ന് അവര്‍ക്കറിയില്ലല്ലോ.
ജയിലില്‍ കാണാന്‍ വരുന്നവരിലുമുണ്ട് ഈ പരാതി. മൂന്നു മാസംമുമ്പ് ഭാര്യ സൂഫിയ വന്നപ്പോള്‍ കണ്ണിന്റെ പരിശോധന റിപ്പോര്‍ട്ടുകള്‍ കൊടുത്തയച്ചിരുന്നു. എറണാകുളത്തെ ഗിരിധര്‍ ആശുപത്രിയില്‍ അതു കാണിച്ചപ്പോള്‍ കാലംതെറ്റി ലേസര്‍ ചികിത്സ ചെയ്തതിന്റെ ഫലമാണ് കാഴ്ച നഷ്ടമായതെന്നായിരുന്നു പറഞ്ഞത്. മുറിച്ചു മാറ്റിയ വലതു കാലിന് മുകളില്‍ ഇപ്പോള്‍ മരവിപ്പാണ്. തൊട്ടാല്‍ അറിയാത്ത മരവിപ്പ്. ഇടുപ്പിനും നട്ടെല്ലിനും കഠിനമായ വേദന. കിഡ്നിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയിലല്ല. പലപ്പോഴും കാലില്‍ നീരുവന്നു വീര്‍ക്കുന്നു. കോയമ്പത്തൂരില്‍ 2006ലും 2007ലും ഓരോ മാസം വീതം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സ ലഭിച്ചിരുന്നു. ഇവിടെ ജയില്‍ ആശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. പരിമിതമായ സൗകര്യങ്ങളും. സുപ്രീംകോടതിയില്‍ ജാമ്യം നിഷേധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അഭിഭാഷകന്‍ സുശീല്‍കുമാര്‍ മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ ലഭ്യമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ആവശ്യപ്രകാരമായിരുന്നില്ല ഇത്. ജാമ്യം കിട്ടാത്തതിന്റെ നിരാശയില്‍ അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ ഒരാശയമായിരുന്നു അത്.
എന്നാല്‍, അതില്‍ പിടിച്ചുകയറിയ കര്‍ണാടക സര്‍ക്കാര്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ശാഖ ബംഗളൂരുവിലുണ്ടെന്നും അവിടെ ചികിത്സ ലഭ്യമാക്കാമെന്നും അറിയിച്ചു. അത് കോടതി അംഗീകരിക്കുകയും ചെയ്തു. അത്യാവശ്യം കഷായങ്ങളും മരുന്നുമായി ഒ.പി വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു ശാഖ മാത്രമാണതെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്.
എന്റെ രോഗവിവരങ്ങള്‍ ഇത്രയും വിശദമായി പറഞ്ഞത് ആരുടെയും അനുകമ്പ പിടിച്ചു പറ്റാനല്ല. പ്രാര്‍ഥനക്ക് ഉത്തരംകിട്ടുന്ന ഈ വിശുദ്ധമാസത്തില്‍ ഇതു വായിക്കുന്ന ആയിരങ്ങളുടെ പ്രാര്‍ഥനകളുണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ജയിലില്‍ അനുഭവിക്കുന്ന ചെറിയ ചെറിയ പീഡനങ്ങള്‍ പരലോകത്ത് രക്ഷക്ക് കാരണമാവാന്‍ വേണ്ടിയാണ് റമദാന്റെ അവസാന ദിനങ്ങളില്‍ നിങ്ങള്‍ പ്രാര്‍ഥിക്കേണ്ടത്. അതുണ്ടാവുമെന്ന് കരുതുന്നു. എല്ലാ പ്രതിസന്ധിഘട്ടത്തിലും കൂടെ നില്‍ക്കുന്നവര്‍ക്ക്, സഹായിക്കുന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി -മഅ്ദനി പറഞ്ഞു.
(തുടരും)............."
www.msali.com
www.msalii.com
www.msali.tk
Comments