നവീനവാദികളോടുള്ള നിലപാട്...

മര്‍ഹും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 1992ല്‍ എഴുതിയ പഠനമാണിത്. മുസ്‌ലിംകളിലെ നവീന വാദികളോടുള്ള സമീപനം സംബന്ധിച്ച ആധികാരിക രചന പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.
സ്വഹാബികളുടെ കാലഘട്ടം തൊട്ട് നിലവിലുള്ള കാര്യമാണ് പുത്തനാശയക്കാരോടുള്ള നിസ്സഹകരണം. പരസ്പരം കാണുമ്പോഴുള്ള ഒന്നാമത്തെ സഹകരണമായ സലാം മുതല്‍ മരണാനന്തരം ഖബര്‍സ്ഥാനില്‍ വരെ അതുവേണമെന്നാണു പൂര്‍വീകര്‍ പഠിപ്പിച്ചത്. സ്വഹാബതുല്‍ കിറാമില്‍നിന്നു ദീനിനെ പഠിച്ചു മനസ്സിലാക്കി പ്രവര്‍ത്തിച്ചുപോന്ന കേരളത്തില്‍ ബിദ്അത്തുകാരോടുള്ള നിസ്സഹകരണം അതിന്റെ പാരമ്യത്തില്‍ തന്നെ നിലനിന്നിരുന്നു.
സലാം, നിസ്‌കാരം, വിവാഹം, മയ്യിത്ത് നിസ്‌കാരം എന്നിവയിരിക്കട്ടെ, സഹഭോജനം പോലും ശരിയല്ലെന്നാണു പൂര്‍വീകരെ പിന്‍പറ്റിക്കൊണ്ട് ശാലിയാത്തി, ഖുതുബി(ന.മ) തുടങ്ങിയ കേരളത്തില്‍ അടുത്തിടെ ജീവിച്ചു വഫാതായ സര്‍വാംഗീകൃതരായ ആലിമീങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചുതന്നത്. അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളും ആചാരമുറകളും മുബ്തദിഉകളുടെ കൈയേറ്റത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ഉലമായുടെ മുഖമുദ്ര ബിദഈ നിസ്സഹകരണമായതിന്റെ പിന്നിലെ നിമിത്തവും മറ്റൊന്നല്ല.
നബിമാരെ സാധാരണക്കാരായി ചിത്രീകരിക്കുക, ഔലിയാക്കളോടു ശത്രുതാമനോഭാവത്തോടെ വര്‍ത്തിക്കുക എന്നിവ ബിദ്അതുകാരുടെ മുഖമുദ്രയാണ്. ഇതിന് അവരുടെ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ധാരാളം തെളിവു കാണാം. ‘അല്ലാഹുവിന്റെ ഔലിയാക്കളില്‍ ഒരാളോട് ശത്രുത പുലര്‍ത്തുന്നവനോടു ഞാന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നു’ എന്നു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി കാണാം. അത്തരക്കാരെ സ്‌നേഹിക്കാനോ അവരുമായി സഹകരിക്കാനോ യഥാര്‍ഥ വിശ്വാസികള്‍ക്കു പാടില്ലെന്ന് ആര്‍ക്കാണറിയാത്തത്. ജനദൃഷ്ടിയില്‍ അത്തരക്കാര്‍ക്ക് അംഗീകാരം ലഭിക്കാനിടയാവുംവിധം പെരുമാറുന്നത് ഒരു സത്യവിശ്വാസിക്കു യോജിക്കുന്നതല്ല. സൂറ മുജാദിലയുടെ 122-ാം ആയത്തില്‍ അല്ലാഹു പ്രഖ്യാപിക്കുന്നു: ”അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വിരോധികളെ ഇഷ്ടപ്പെടുന്നവരായി അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരെ നീ കാണുകയില്ല. അവര്‍ മാതാപിതാക്കളോ സന്താനങ്ങളോ കുടുംബങ്ങളോ ആരായാലും ശരി. ഇപ്രകാരം അവന്റെ ശത്രുക്കളെ ഇഷ്ടപ്പെടാത്തവരുടെ ഹൃദയത്തില്‍ അല്ലാഹു വിശ്വാസം ഉറപ്പിക്കുകയും അവന്‍ പ്രത്യേകമായി സഹായിക്കുകയും ചെയ്യുന്നു. താഴ്‌വരയില്‍ കൂടി നദികള്‍ ഒഴുകുന്ന പൂങ്കാവനത്തില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതും അവര്‍ അതില്‍ ശാശ്വതമായി നിവസിക്കുന്നവരുമത്രെ. അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അല്ലാഹുവിനെയും. അവര്‍ അല്ലാഹുവിന്റെ കക്ഷിയാകുന്നു. അറിയുക, നിസ്സംശയം അല്ലാഹുവിന്റെ കക്ഷി മാത്രമാണു വിജയികള്‍.”
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) പറയുന്നു: ”അല്ലാഹുവിന്റെ വിരോധികളെ ഇഷ്ടപ്പെടലും ഈമാനും ഒരുമിച്ചുകൂടുകയില്ല എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശ്യം. കാരണം, ഒരാള്‍ മറ്റൊരാളെയും അവന്റെ ശത്രുവിനെയും ഒരുപോലെ ഇഷ്ടപ്പെടുക അസാധ്യമാണ്”(റാസി: 29/276). ഇമാം ഖുര്‍ത്വുബി പറയുന്നു: ഖദരിയ്യതിനെ(അല്ലാഹുവിന്റെ ഖദ്‌റില്‍ വിശ്വാസമില്ലാത്ത മുബ്തദിഇനെ) സ്‌നേഹിക്കാന്‍ പാടില്ലെന്നും അവരോടു സഹകരിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുതെന്നും ഈ ആയത്തില്‍ നിന്ന് ഇമാം മാലിക്(റ) ലക്ഷ്യം പിടിച്ചിരിക്കുന്നു. ഇമാം മാലിക്(റ)വില്‍നിന്ന് അശ്ഹബ് നിവേദനം ചെയ്യുന്നു: ”ഖദരിയ്യാക്കളുടെ കൂടെ നീ ഇരിക്കരുത്, അല്ലാഹുവിന്റെ കാര്യത്തില്‍ നീ അവരെ എതിരാളികളായിക്കാണണം. അവരെ നീ പ്രിയംവെക്കരുത്. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും എതിരാളികളെ മുഅ്മിനുകള്‍ പ്രിയംവെക്കുകയില്ല എന്നാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്”(ഖുര്‍ത്വുബി: 17/308). ഇപ്രകാരം ത്വബ്‌രി, റൂഹുല്‍ബയാന്‍ തുടങ്ങിയ മറ്റു തഫ്‌സീറുകളിലും കാണാം.
മേല്‍പ്പറഞ്ഞ ആയത്തിന്റെ തന്നെ വ്യാഖ്യാനത്തില്‍ മദാരികുത്തന്‍സീലില്‍ ഇങ്ങനെ കാണാം: ”സഹ്‌ല്(റ) പറഞ്ഞിരിക്കുന്നു; ഈമാന്‍ സാധുവാകുകയും തൗഹീദ് ശരിപ്പെടുകയും ചെയ്ത ഒരാള്‍ മുബ്തദിഇനോട് സന്തോഷം പ്രകടിപ്പിക്കുകയും അവനോടു സ്‌നേഹം നിലനിറുത്തുംവിധം ഇരിക്കുകയും ചെയ്യുകയില്ല. മറിച്ചു ബിദ്അതിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതാണ്. ഒരു മുബ്തദിഇനോട് ആരെങ്കിലും സന്തോഷം കാണിച്ചാല്‍ അവനില്‍നിന്നു നബിചര്യയുടെ മാധുര്യം അല്ലാഹു എടുത്തുകളയും. ഭൗതിക ലോകത്തിന്റെ ഉന്നതിയോ സമ്പത്തോ ഉദ്ദേശിച്ചുകൊണ്ട് ഒരു മുബ്തദിഇന് ഒരാള്‍ ഉത്തരം ചെയ്താല്‍ അതേ ഉന്നതികൊണ്ട് അല്ലാഹു അവനെ നിസ്സാരപ്പെടുത്തുകയും ആ ഐശ്വര്യത്തില്‍നിന്നു ദരിദ്രനാക്കിത്തീര്‍ക്കുകയും ചെയ്യും. സന്തോഷപൂര്‍വം ഒരാള്‍ മുബ്തദിഇനോട് ചിരിക്കുകയാണെങ്കില്‍ അയാളില്‍നിന്ന് ഈമാന്റെ പ്രകാശം അല്ലാഹു നീക്കിക്കളയും”(മദാരികുത്തന്‍സീല്‍: 4/237)
സൂറ അല്‍അന്‍ആം: 159, അര്‍റൂം: 32, അന്നിസാഅ്: 69 ആയത്തുകളുടെ വ്യാഖ്യാനങ്ങളില്‍ മുബ്തദിഇനോട് വെറുപ്പു പ്രകടമാക്കണമെന്ന് ആധികാരിക തഫ്‌സീര്‍ ഗ്രന്ഥങ്ങളിലെല്ലാം ഉറപ്പിച്ചു പറഞ്ഞതായി കാണാം. ഇമാം ത്വബ്‌രി നിവേദനം ചെയ്യുന്നു. റസൂല്‍÷ പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ”ദീനിനെ ഛിന്നഭിന്നമാക്കുകയും വിവിധ കക്ഷികളായി തിരിയുകയും ചെയ്തവര്‍, തങ്ങള്‍ക്ക് അവരോടും അവര്‍ക്കു തങ്ങളോടും ഒരു ബന്ധവുമില്ല. അവര്‍ ഈ സമുദായത്തില്‍പ്പെട്ട ബിദ്അത്തുകാരും ആശയക്കുഴപ്പത്തില്‍പെട്ടവരും വഴിപിഴച്ചവരുമാണ്”(ത്വബ്‌രി: 8/78). തഫ്‌സീര്‍ ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു: ”സത്യനിഷേധികളായ മുഴുവന്‍ അവിശ്വാസികളും അപ്രകാരം എല്ലാ മുബ്തദിഉകളും ഈ സൂക്തത്തിന്റെ വിവക്ഷയില്‍ പെടുന്നു” (ഖുര്‍ത്വുബി: 7/149).
അന്യമാര്‍ഗങ്ങളെ അനുഗമിക്കരുത് എന്നതുകൊണ്ട് ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍ തുടങ്ങിയ മതക്കാരുടെ മാര്‍ഗവും, ദേഹേച്ഛയെ അനുഗമിക്കുന്ന ബിദ്അതുകാര്‍, മറ്റു വഴിപിഴച്ച പ്രസ്ഥാനക്കാര്‍ എന്നിവരെയാണ് ഉദ്ദേശിക്കുന്നതെന്ന് ഇബ്‌നുഅത്വിയ്യ(റ) പറഞ്ഞിട്ടുണ്ടെന്ന് അല്‍അന്‍ആം 153-ാം വചനത്തിന്റെ വിവക്ഷയില്‍ ഇമാം ഖുര്‍ത്വുബി വ്യക്തമാക്കുന്നു. ‘വിവിധ മാര്‍ഗങ്ങളെന്ന് ഈ ആയത്തില്‍ പറഞ്ഞതുകൊണ്ടുള്ള വിവക്ഷ ബിദ്അതുകാരുടെ മാര്‍ഗമാണെ’ന്നു പ്രസിദ്ധ മുഫസ്സിറായ മുജാഹിദ്(റ) പറഞ്ഞിട്ടുണ്ട്(ഖുര്‍ത്വുബി 7/12, 7/138, 9/108 പേജുകളില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചതു കാണാം).
മുബ്തദിഉകളുമായി എങ്ങനെ വര്‍ത്തിക്കണമെന്നതിനെക്കുറിച്ചു വന്ന ഹദീസുകളും അതു സംബന്ധിച്ചു മുഹദ്ദിസുകള്‍ രേഖപ്പെടുത്തിയ ഉദ്ധരണികളും വളരെയേറെയുണ്ട്. പ്രഥമ മുബ്തദിഉകളായ ഖദരിയാക്കളെക്കുറിച്ചു റസൂല്‍ പറഞ്ഞതു കാണുക: ”അല്ലാഹുവിന്റെ ഖദര്‍കൊണ്ടു കളവാക്കുന്നവര്‍ ഈ സമുദായത്തിലെ മജൂസികളാണ്. അവര്‍ രോഗികളായാല്‍ നിങ്ങള്‍ അവരെ കാണാന്‍ പോകരുത്, മരിച്ചാല്‍ ജനാസ സന്ദര്‍ശിക്കരുത്. അത്തരക്കാരെ കണ്ടുമുട്ടിയാല്‍ സലാം പറയുകയും അരുത്”(ഇബ്‌നുമാജ).
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഈമാന്‍ കാര്യത്തില്‍ ആറാമത്തേതാണു ഖദറിലുള്ള വിശ്വാസം. അല്ലാഹുവിന്റെ അനാദിയായ മുന്‍നിശ്ചയപ്രകാരമാണു പ്രപഞ്ചവും അതിലുള്ള മുഴുവന്‍ കാര്യങ്ങളും നടക്കുന്നത്. അല്ലാഹുവിന്റെ മുന്‍നിശ്ചയം കൂടാതെ നല്ലതും ചീത്തയുമായ ഒരു കാര്യവും നടക്കില്ല എന്നതാണു ഖദറിലുള്ള വിശ്വാസം. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചിലര്‍ ഈ വിശ്വാസം അംഗീകരിക്കാന്‍ തയാറായില്ല. അവര്‍ ‘ഖദരിയ്യാക്കള്‍’ എന്ന് അറിയപ്പെട്ടു. ഇതുപോലെ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ തള്ളിപ്പറയുന്നവരെല്ലാം മുബ്തദിഉകള്‍ തന്നെ. അവരുമായി ബന്ധപ്പെടുന്നതിനെക്കുറിച്ച് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നതു കാണുക: ”നീ അവരെ കണ്ടാല്‍ പറയുക, നിസ്സംശയം ഞാന്‍ അക്കൂട്ടത്തിലല്ല, അവര്‍ എന്റെ കൂട്ടത്തിലുമല്ല. അല്ലാഹു സത്യം, ഖദരിയ്യാക്കളില്‍ ഒരാള്‍ക്ക് ഉഹുദ് പര്‍വതത്തോളം സ്വര്‍ണമുണ്ടാവുകയും അതു മുഴുവന്‍ ചെലവഴിക്കുകയും ചെയ്താലും ഖദറില്‍ വിശ്വസിക്കുന്നതുവരെ അവനില്‍നിന്നു യാതൊന്നും സീകരിക്കുകയില്ല” (മുസ്‌ലിം: 1/27).
ഇമാം മുസ്‌ലിമിന്റെ മറ്റൊരു നിവേദനം കാണുക: നജ്ദത്ത് എന്നവന്‍ ഇബ്‌നുഅബ്ബാസ്(റ)വിനോട് അഞ്ചു കാര്യങ്ങളെക്കുറിച്ച് എഴുതി ചോദിച്ചു. ഇബ്‌നുഅബ്ബാസ്(റ) തന്റെ മറുപടിയുടെ ആമുഖത്തില്‍ ഇങ്ങനെ എഴുതി: ”ഞാന്‍ ഇല്‍മ് മറച്ചുെവക്കുന്നവന്‍ ആ കുമോ എന്നു ഭയന്നില്ലെങ്കില്‍ നിനക്കു ഞാന്‍ എഴുതുമായിരുന്നില്ല”(മുസ്‌ലിം: 2/116). നജ്ദത്ത് എന്നയാള്‍ ഖവാരിജുകളില്‍ പെട്ടവനായതുകൊണ്ടാണ് അവനു മറുപടി എഴുതിയപ്പോള്‍ പോലും ഇബ്‌നുഅബ്ബാസ്(റ) വെറുപ്പു പ്രകടമാക്കിയതെന്ന് ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) പ്രസ്താവിച്ചിട്ടുണ്ട്. സ്വഹാബികളില്‍ പ്രമുഖരായ ഇബ്‌നുഉമര്‍(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവര്‍ മുബ്തദിഉകളെക്കുറിച്ച് എത്രമാത്രം വെറുപ്പു പ്രകടമാക്കിയവരായിരുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവങ്ങള്‍. ‘ഖദര്‍ നിഷേധികളുടെ കൂടെ നിങ്ങള്‍ ഇരിക്കരുത്, അവരുമായി സലാമും സംസാരവും ആരംഭിക്കുകയും ചെയ്യരുത്’ എന്ന് ഉമര്‍(റ) വഴി അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്(മിര്‍ഖാത്: 1/149). കൂടെ ഇരിക്കരുതെന്നു പറഞ്ഞതുകൊണ്ടുള്ള വിവക്ഷ അവരെ ബഹുമാനിച്ചും രസിപ്പിച്ചും ഇരിക്കാന്‍ പാടില്ലെന്നാണെന്നു മുല്ലാ അലിയ്യുല്‍ഖാരി(റ) വ്യക്തമാക്കിയിരിക്കുന്നു(മിര്‍ഖാത്). യാത്രയിലോ ഹോട്ടലിലോ പൊതുജനങ്ങള്‍ പെരുമാറുന്ന മറ്റിടങ്ങളിലോ അവര്‍ക്ക് ആദരവ് വരാത്തവിധം കൂടെ ഇരിക്കുന്നതു തെറ്റല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെഅടുത്ത് ഒരാള്‍ വന്ന് ഇന്ന ആള്‍ താങ്കള്‍ക്കു സലാം പറഞ്ഞിരുന്നുവെന്നു പറഞ്ഞു: അ ബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉടനെ പ്രതികരിച്ചു: ”അവന്‍ ബിദ്അത്തുകാരനാണെന്ന് എനിക്കു വിവരം കിട്ടിയിരുന്നു. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അവന് എന്റെ സലാം പറയരുത്” (തുര്‍മുദി, അബൂദാവൂദ്, ഇബ്‌നുമാജഃ). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുഹജര്‍ അസ്ഖലാനി(റ)വിനെ ഉദ്ധരിച്ചുകൊണ്ട് മുല്ലാ അലിയ്യുല്‍ഖാരി(റ) പറയുന്നു: ”ബിദ്അത്തുകാരോടു വെറുപ്പ് പ്രകടമാക്കണമെന്നു നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉലമാഅ് ഇപ്രകാരം പറഞ്ഞിട്ടുള്ളത്. ഫാസിഖിന്റെയും മുബ്തദിഇന്റെയും സലാം മടക്കല്‍ വുജൂബില്ലെന്നു മാത്രമല്ല സുന്നത്തുപോലുമില്ല. അവരെ ബിദ്അത്തില്‍നിന്നു തടയാനാണിത്. അവരുമായി പിണങ്ങി നില്‍ക്കാവുന്നതാണ്”(മിര്‍ഖാത്: 1/55).
അനസ്(റ)വില്‍നിന്നു ഉഖയ്ല്‍(റ) ഉദ്ധരിച്ചതു കാണുക: ”നിങ്ങള്‍ അവരോടു(സ്‌നേഹം കാണിച്ച്)കൂടെ ഇരിക്കുകയോ ഒപ്പം ഭക്ഷിക്കുകയോ ചെയ്യരുത്. അവരോടു വൈവാഹികബന്ധം നടത്തരുത്.” ‘നിങ്ങള്‍ അവരുടെ ജനാസഃ നിസ്‌കരിക്കുകയോ അവരെ തുടര്‍ന്നു നിസ്‌കരിക്കുകയോ ചെയ്യരുതെ’ന്ന് ഇബ്‌നുഹിബ്ബാന്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇബ്‌നുഅസാകിര്‍ അനസ്(റ)വിനെ ഉദ്ധരിക്കുന്നു. നബി÷ പറഞ്ഞു:
”എന്റെ സ്വഹാബികളെ നിങ്ങള്‍ ചീത്ത പറയരുത്. തീര്‍ച്ചയായും എന്റെ സ്വഹാബികളെ ചീത്ത പറയുന്ന ഒരു ജനത പിന്നീടു വരും. അവര്‍ രോഗികളായാല്‍ നിങ്ങള്‍ അവരെ സന്ദര്‍ശിക്കരുത്. അവര്‍ക്കു നിങ്ങള്‍ സലാം പറയുകയോ അവരുടെ ജനാസ നിസ്‌കരിക്കുകയോ ചെയ്യരുത്” (താരീഖു ദിമശ്ഖില്‍കബീര്‍- ഇബ്‌നുഅസാകിര്‍: 4/369).
മുബ്തദിഉകളോടു വെറുപ്പും നീരസവും പ്രകടമാക്കണം, അവരോടു സലാം പറയുകയോ അവരുടെ സലാം മടക്കുകയോ ചെയ്യരുതെന്നും അവര്‍ക്കുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാനോ അവരെ തുടര്‍ന്നു നിസ്‌കരിക്കാനോ പാടില്ല. ഇതൊക്കെ വ്യക്തമാക്കുന്നതാണു മേല്‍കൊടുത്ത ഉദ്ധരണികള്‍. ഇനിയും ധാരാളം ഹദീസുകള്‍ ഇവ്വിഷയത്തില്‍ കുറിക്കാനുണ്ടെങ്കിലും ചിന്തിക്കുന്നവര്‍ക്ക് ഇത്രയും മതിയെന്നു കരുതി നിറുത്തുകയാണ്.
Courtesy: © #SirajDaily |

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."

How to Hide or unhide Your Desktop icons in Windows 10/8/7